ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ അഴുത ബ്ളോക്ക്, പെരുവന്താനം, മ്ളാപ്പാറ, കൊക്കയാര്‍ (ഏതാനും ഭാഗം) വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് പെരുവന്താനം ഗ്രാമപഞ്ചായത്ത്. 57.36 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക്  പീരുമേട് പഞ്ചായത്ത്, റിസര്‍വ്വ് ഫോറസ്റ്റ്, പടിഞ്ഞാറ് മുണ്ടക്കയം പഞ്ചായത്ത് (കോട്ടയം), മണിമലയാറ്, വടക്ക് കൊക്കയാര്‍ പഞ്ചായത്ത്, മണിമലയാറിന്റെ പ്രാരംഭ അരുവികള്‍, തെക്ക് മുണ്ടക്കയം പഞ്ചായത്ത് (കോട്ടയം), അഴുതയാറ്, റിസര്‍വ്വ് വനം എന്നിവയാണ്. 1953-ല്‍ പെരുവന്താനം പഞ്ചായത്ത് നിലവില്‍ വന്നു. ഇടുക്കി ജില്ലയുടെ കവാടമായി ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. 57.36 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്തില്‍ മുണ്ടക്കയം മുറിഞ്ഞപുഴ വരെയുള്ള  15 കിലോമീറ്റര്‍  ദൂരത്തില്‍ കെ.കെ. റോഡ് കടന്നു പോകുന്നു. ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്താനികളും ഇടകലര്‍ന്ന് ജീവിക്കുന്ന ഈ പ്രദേശം മതമൈത്രിയുടെ മകുടോദാഹരണങ്ങളായി നിലനില്‍ക്കുന്നു. മലമടക്കുകളില്‍ നിന്നും വെള്ളി ഉരുകി ഒഴുകുന്നത് പോലെ തോന്നിപ്പിക്കുന്ന ചെറു അരുവികള്‍ ഒത്തുചേര്‍ന്ന പ്രസിദ്ധമായ മണിമലയാറിന്റെ ഉത്ഭവവും ഈ പഞ്ചായത്തിലാണ്. ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റ ഗ്രാമമാണ് പെരുവന്താനം. ദക്ഷിണേന്ത്യയില്‍ തന്നെ പ്രസിദ്ധമായ വള്ളിയാംകാവ് ദേവീക്ഷേത്രം, പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പെരുവന്താനം ശാസ്താക്ഷേത്രം എന്നിവ ഈ പഞ്ചായത്തതിര്‍ത്തിയിലാണ്. പഞ്ചപാണ്ഡവന്മാര്‍ വനവാസകാലത്ത് കുറെക്കാലം വസിച്ചിരുന്നു എന്ന് ഐതിഹ്യമുള്ള “പാഞ്ചാലിമേട്” ഈ പഞ്ചായത്തിന്റെ പ്രശസ്തിയുടെ ഘടകമാണ്. പാഞ്ചാലിക്ക് കുളിക്കാന്‍ ഭീമന്‍ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പാഞ്ചാലിക്കുളം എന്നും തെളിനീര്‍ നിറഞ്ഞ് വിസ്മയമായി പുരാണകഥയുടെ പരിവേഷമണിഞ്ഞ് നില്ക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലുള്ള പഞ്ചാലിക്കുളം  ഏത് വേനല്‍ക്കാലത്തിനും വെല്ലുവിളിയായി  തെളിനീര്‍ നിറഞ്ഞു നില്ക്കുന്നു. അതുപോലെ തന്നെ ഒന്നിന് മീതെ ഒന്നായി എടുത്തു വച്ചതുപോലെയുള്ള ഭീമന്‍ പാറക്കല്ലുകളും അത്ഭുതം ജനിപ്പിക്കുന്ന കാഴ്ചകളാണ്. നൂറ്റാണ്ടിന്റെ പാരമ്പര്യവും ചരിത്രവും പേറി നില്‍ക്കുന്ന പെരുവന്താനം എന്ന ഈ ഗ്രാമപ്രദേശം തനതായ ഒരു സാംസ്കാരിക പൈതൃകത്തിന്റെ ഉടമാവകാശം ഉള്‍ക്കൊള്ളുന്നു.