ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
“പീരുവന്തതാനം” എന്ന തമിഴ് വാക്കില്‍ നിന്നുമാണ് പെരുവന്താനം എന്ന സ്ഥലനാമം ഉണ്ടായത് എന്നാണ് ഐതിഹ്യം. രാജഭരണകാലത്ത് ഉണ്ടായിരുന്ന അഞ്ചല്‍ ആഫീസ് 1948-ല്‍ പോസ്റ്റാഫീസ് ആയി ഉയര്‍ത്തപ്പെട്ടു. ആ കാലഘട്ടം മുതല്‍ പെരുവന്താനം ജംഗ്ഷന്‍ അഞ്ചല്‍ കുറ്റി എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഏകദേശം നൂറ്റിയന്‍പത് വര്‍ഷത്തിന് മേല്‍ പ്രായമായ “പൊണ്ണന്‍മാവ്” നിത്യഹരിതഹരമായി നാടിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു. ഈ പ്രദേശത്തെ ആദ്യതലമുറ ഹിന്ദുമതത്തില്‍ പെട്ടവരായിരുന്നു. പെരുവന്താനത്ത് 75-ഉം പാലൂര്‍ക്കാവില്‍ 200-ഉം വള്ളിയാംകാവില്‍ 75-ഉം മലയരയ കുടുംബങ്ങള്‍ താമസിച്ചിരുന്നു. 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്ളീങ്ങളും പെരുവന്താനം മേഖലയില്‍ കുടിയേറി. വള്ളിയില്‍ ആടി വന്ന കാളി എന്ന വിശ്വാസത്തിലാണ് വള്ളിയാംകാവ് എന്ന സ്ഥലനാമമുണ്ടായതെന്ന് പറയപ്പെടുന്നു. ഇവിടുത്തെ ദേവീക്ഷേത്രത്തില്‍ 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയരയ വിഭാഗത്തില്‍പ്പെട്ടവര്‍ പൂജ നടത്തുകയും കോഴിവെട്ടും കുരുതിയും 1964 വരെ തുടരുകയും ചെയ്തിരുന്നു. 1200-ല്‍ പരം വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് കരുതുന്ന പെരുവന്താനം ക്ഷേത്രത്തിന് ചെമ്പ് മേല്‍ക്കൂരയും ചെമ്പ് കൊടിമരവും ഉണ്ടായിരുന്നു. പെരുവന്താനം ജമാ അത്ത് മുസ്ളീം പള്ളിക്ക് 160 വര്‍ഷത്തിന് മേല്‍ പഴക്കമുണ്ട്. മുണ്ടക്കയം, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമിളി എന്നീ സ്ഥലത്തുള്ള മുസ്ളീം വിഭാഗത്തിന്റെ ഏക ആരാധനാലയമായിരുന്നു ഇവിടത്തെ പള്ളി. 120 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്ത്യാനികള്‍ ഇവിടെ എത്തിച്ചേരുകയും കുടിയേറ്റ ഭൂമിയില്‍ കൃഷി നടത്തുകയും ചെയ്തിരുന്നു. ഇന്നത്തെ കണങ്കവയല്‍, കൊയിനാട്, പുറക്കയം ഭാഗങ്ങള്‍, വളഞ്ഞിപ്പുഴ മഠം വക പെരുവന്താനം ഇടവകയില്‍ പൂഞ്ഞാര്‍ തമ്പുരാട്ടിമല അരയര്‍ക്ക് ഇഷ്ടദാനം ചെയ്ത പ്രദേശമാണ്. ധാരാളം ഈന്തും ഈന്തങ്ങയും ഉണ്ടായിരുന്ന സ്ഥലമായിരുന്നു കണങ്കവയല്‍. ഈന്തങ്ങ കണങ്ക എന്നും അറിയപ്പെട്ടിരുന്നു. അങ്ങനെ കണങ്കാ വിളയുന്ന സ്ഥലം കണങ്കവയല്‍ ആയും കൊയിനാചെടി നട്ട് വളര്‍ത്തിയിരുന്ന ഭാഗം കൊയിനാട് എന്നുമാണ് നാട്ട് പുരാണം പറയുന്നത്. രാജഭരണം അവസാനിക്കുകയും ജനാധിപത്യം സ്ഥാപിക്കപ്പെടുകയും ചെയ്തതോടെ ഭക്ഷ്യവിളകള്‍ക്ക് ഊന്നല്‍ നല്‍കി സര്‍ക്കാര്‍ ഒത്താശയോടെ കിഴക്കന്‍ മേഖലയിലേക്ക് കര്‍ഷകര്‍ കൂട്ടം കൂട്ടമായി കുടിയേറി പാര്‍ക്കുന്ന കാലഘട്ടത്തിന് മുമ്പ് തന്നെ പാലാ, കാഞ്ഞിരപ്പള്ളി പ്രദേശത്തുനിന്നും കര്‍ഷകര്‍ കടന്നുവന്നിരുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട കോയിക്കന്മാര്‍, മല അരയന്മാര്‍ തുടങ്ങിയവര്‍ തിങ്ങിപ്പാര്‍ത്തിരുന്ന പ്രദേശമാണ് കൊങ്ങാട്. ഇപ്പോഴും മല അരയ വിഭാഗത്തിന്റെ ആരാധനാ കേന്ദ്രങ്ങളാണ് മുണ്ടയ്ക്കാട്ട് ഭഗവതി, കൊങ്ങാട് ഭഗവതി, ചെറുവള്ളി ഭഗവതി ക്ഷേത്രങ്ങള്‍. ഈ പഞ്ചായത്തിലെ ഏറ്റവും വലിയ റബ്ബര്‍ എസ്റ്റേറ്റ് പഞ്ചായത്തിന്റെ പ്രവേശനകവാടത്തില്‍ സ്ഥിതി ചെയ്യുന്നു. 1944 വരെ ട്രാവന്‍കൂര്‍ കമ്പനി ആയിരുന്നത് ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. 1963 വരെ തോട്ടം മാനേജ്മെന്റ് യൂറോപ്യന്‍ കമ്പനിയായിരുന്നു. ഈ എസ്റ്റേറ്റിന്റെ ആകെ വിസ്തീര്‍ണ്ണം 6186 ഏക്കര്‍ ആണ്. പഞ്ചായത്തിന്റെ പ്രവേശന കവാടമായ 35-ാം മൈല്‍ മുതല്‍ പീരുമേട് വരെ സാധനങ്ങള്‍ കടത്താനായി ഒരു റോപ്പ് വേ യൂറോപ്യന്‍മാര്‍ നിര്‍മ്മിച്ച് കുറെക്കാലം ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്നും 35-ാം മൈല്‍ ഉള്‍പ്പെടുന്ന വാര്‍ഡിന്റെ പേര് ഇന്നും റോപ്പ് വേ എന്നാണ്. ഇടുക്കിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. മുന്‍പ് കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു. കുമളി പഞ്ചായത്തില്‍ നിന്നും മൂഴിക്കല്‍ പ്രദേശവും ഇതില്‍ ഉള്‍പ്പെടുന്നു. പഞ്ചായത്ത് പ്രദേശത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ മണിമലയാറിലേക്ക് ഒഴുകിച്ചേരുന്ന ഏകയംതോടും, തെക്ക് ഭാഗത്ത് അഴുതയാറും, കിഴക്ക് വശത്ത് പന്നിയാറും, പടിഞ്ഞാറ് മണിമലയാറും അഴുതയാറും ഒഴുകി നീങ്ങുന്നു. കാടും കാട്ടുമൃഗങ്ങളും അടങ്ങിയ ഈ ഭൂപ്രദേശത്ത് ജനവാസം തുടങ്ങിയത് ഏതാണ്ട് 1200 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ക്ഷേത്രങ്ങള്‍, മുസ്ളീം ദേവാലയങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍ എന്നീ ആരാധനാലയങ്ങള്‍ ഇടകലര്‍ന്ന് നിലകൊള്ളുന്നത്, ഇവിടുത്തെ മതമൈത്രിയുടെ മകുടോദാഹരണമാണ്. പെരുവന്താനം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെന്നും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ പരശുരാമന്‍ നടത്തിയെന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. 170 വര്‍ഷം പഴക്കമുള്ള മുസ്ളീം പളളിയും 60 വര്‍ഷം പിന്നിട്ട ക്രിസ്തീയ ദേവാലയവും ഈ പ്രദേശത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തില്‍ തണലേകി നില്‍ക്കുന്നു. ഒരു പറ്റം യുവാക്കളുടെ അക്ഷീണ ശ്രമഫലമായി 1947-ല്‍ ഇവിടെ ആരംഭിച്ച ദേശീയ വായനശാലയാണ് ഇത്തരത്തിലുള്ള ഇവിടുത്തെ ആദ്യ സ്ഥാപനം. അനുഗ്രഹീത സാഹിത്യകാരനായിരുന്ന അന്തരിച്ച പെരുവന്താനം സുകുമാരന്‍ ഈ നാടിന്റെ സാംസ്കാരിക മേഖലയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ട്. സുപ്രസിദ്ധ സിനിമാനടന്‍ തിലകന്‍ ഈ നാടിന്റെ അഭിമാനമാണ്. ഈ പഞ്ചായത്ത് പൂര്‍ണ്ണമായും മലമ്പ്രദേശങ്ങളാണ്. മലകളിലും ചരിവുകളിലും താമസിച്ചു കൃഷി ചെയ്യുന്നതു കൊണ്ട് സാമൂഹ്യസാംസ്ക്കാരിക സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ ഈ ഗ്രാമപഞ്ചായത്തു പിന്നോക്കാവസ്ഥയിലായിരുന്നു. 19-ാം ആണ്ടിനു മുമ്പുതന്നെ ഈ പഞ്ചായത്തില്‍ അക്ഷരം എഴുതാനും എണ്ണാനും വായിക്കാനും പഠിപ്പിക്കുന്ന കുടിപ്പള്ളിക്കൂടങ്ങള്‍ നിലവിലുണ്ടായിരുന്നു. പെരുവന്താനം ക്ഷേത്രത്തിനു സമീപത്തായി ഒരു മലയാളം പ്രൈമറി സ്കൂള്‍ 1898-ല്‍ സ്ഥാപിതമായി. ഇതാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. ഇത് ഗവ. ഉടമയിലുമായിരുന്നു. 1948-ല്‍ പാലൂര്‍കാവില്‍ ഗവ.വക ഒരു എല്‍.പി.എസ് ആരംഭിച്ചു. ഇതാണ് രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനം. പെരുവന്താനം ഗ്രാമപഞ്ചായത്ത് 1953-ല്‍ രൂപീകൃതമാകുമ്പോള്‍ എസ്റ്റേറ്റ് മേഖലയില്‍ സ്വകാര്യ റോഡുകളും, കോട്ടയം കുമിളി കെ.കെ. റോഡും, പെരുവന്താനം വില്ലേജ് റോഡുമായിരുന്നു ഉണ്ടായിരുന്നത്. വിവിധ മേഖലകളില്‍ നിന്നും കുടിയേറിയ കര്‍ഷകര്‍ ഗ്രാമങ്ങളില്‍ നടപ്പാത വെട്ടിത്തെളിച്ചാണ് കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയും നിത്യോപയോഗ സാധനങ്ങള്‍ കൊണ്ടുവരികയും ചെയ്തിരുന്നത്. ആദ്യകാലത്ത് ചുമട് വലിക്കുവാന്‍ ഉപയോഗിച്ചിരുന്നത് കഴുതയും കാളയുമാണ്. ആദ്യകാലത്ത് 3 മീറ്റര്‍ വീതിയില്‍ 1/2 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് ഉണ്ടായത് പി.ഡബ്ല്യൂ.ഡി വക പെരുവന്താനം വില്ലേജ് റോഡാണ്. മുറിഞ്ഞപുഴ മതമ്പാ റോഡ് ഈ പഞ്ചായത്തിന്റെ മുഖഛായ മാറ്റുവാന്‍ സഹായകമായ ഒന്നാണ്.